01:34am 09 November 2026
NEWS
ആംബുലൻസിൽ എം.ഡി.എം.എ. കടത്ത്: കേസിലെ സൂത്രധാരൻ കല്ല് റിയാസ് അറസ്റ്റിൽ
24/08/2026  10:33 AM IST
NILA
ആംബുലൻസിൽ എം.ഡി.എം.എ. കടത്ത്: കേസിലെ സൂത്രധാരൻ കല്ല് റിയാസ് അറസ്റ്റിൽ

 

തൃശ്ശൂർ: ആംബുലൻസിൽ കാൽക്കിലോ എം.ഡി.എം.എ. കടത്തിയ കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (37), കല്ല് റിയാസ് എന്ന പേരിൽ അറിയപ്പെടുന്നയാളെയാണ് തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘം ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് പിടികൂടിയത്.  ബെംഗളൂരുവിൽ കേന്ദ്രീകരിച്ച് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എം.ഡി.എം.എ. എത്തിക്കുന്ന സംഘത്തിന് നേതൃത്വം നൽകിയിരുന്നത് റിയാസാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖലകളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരനായും ഇയാൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണസംഘം അറിയിച്ചു. ബെംഗളൂരുവിലെ 150-ഓളം കാവൽ ജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു റിയാസ് സ്ഥിരതാമസമാക്കിയിരുന്നത്. ഇവിടെ നേരിട്ട് കയറി അറസ്റ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾ ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങുന്ന സമയം നിരീക്ഷിച്ചാണ് പിടികൂടിയത്.


മേയ് 26ന് വാണിയമ്പാറയിൽ ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന കാൽക്കിലോ എം.ഡി.എം.എ. പിടികൂടിയതോടെയാണ് അന്വേഷണത്തിൽ റിയാസിലേക്കുള്ള സൂചന ലഭിച്ചത്. സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരിൽനിന്ന് ലഭിച്ച മൊഴികളാണ് അന്വേഷണസംഘത്തിന് നിർണായകമായത്.
 അന്വേഷണം തനിക്കെതിരേ നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ റിയാസ് ബെംഗളൂരുവിൽനിന്ന് മുങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞത്. തുടർന്ന് ഗ്രേറ്റർ നോയിഡയിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിക്കുകയും അന്വേഷണസംഘം അവിടെയെത്തി അറസ്റ്റ് നടത്തുകയുമായിരുന്നു. അറസ്റ്റിലായ റിയാസിനെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ലഹരിക്കടത്തിലൂടെ സമ്പാദിച്ച പണത്തിന്റെ ഉറവിടവും അന്വേഷിക്കുന്നതിനൊപ്പം ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ഷിബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പീച്ചി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി. അമീർഅലി, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ എ.എസ്.ഐ. ടി.വി. ജീവൻ, സി.പി.ഒ. കെ.ബി. വിപിൻദാസ്, പീച്ചി പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. എസ്. ലാലു, സി.പി.ഒ. കെ.ബി. നിവ്യ, തൃശ്ശൂർ സിറ്റി സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവരും ഡാൻസാഫ് അംഗങ്ങളായ വൈശാഖ് രാജ്, സ്റ്റിയോ ജോസ്, നിധീഷ്, സംഗീത്, അരുൺ, രാഹുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img